വോട്ടർ പട്ടികയിൽ പേരുണ്ടോ? അറിയാൻ ആപ്പുണ്ട്, വോട്ടർമാർക്ക് തുണയായി ഹെൽപ്പ്ലൈൻ ആപ്പ്

April 23, 2024

വോട്ടർ പട്ടികയിൽ പേരുണ്ടോ? അറിയാൻ ആപ്പുണ്ട്, വോട്ടർമാർക്ക് തുണയായി ഹെൽപ്പ്ലൈൻ ആപ്പ്


വോട്ടർപട്ടികയിൽ നിങ്ങളുടെ പേരുണ്ടോ എന്ന് നോക്കണോ? നിങ്ങളുടെ മണ്ഡലത്തിലെ സ്ഥാനാർഥിയെക്കുറിച്ചുള്ള വിവരങ്ങൾ അറിയണോ? അതോ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ എന്തുചെയ്യണം എന്നറിയാതെ കുഴങ്ങുകയാണോ? ലോക്സഭ വോട്ടെടുപ്പിനുള്ള നാളുകൾ അടുക്കുമ്പോൾ വോട്ടർമാർക്ക് ആവശ്യമായ വിവരങ്ങൾ നൽകാൻ ആപ്പുമായെത്തിയിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർഹെൽപ്പ് ലൈൻ ആപ്പാണ് വോട്ടർമാർക്ക് വേണ്ട അവശ്യവിവരങ്ങളെല്ലാം ഒറ്റക്ലിക്കിൽ വിരൽതുമ്പിൽ എത്തിക്കുന്നത്. 

തിരഞ്ഞെടുപ്പ് സംബന്ധിച്ച സേവനങ്ങളും വിവരങ്ങളും വോട്ടർമാർക്ക് എളുപ്പത്തിൽ ലഭിക്കാൻ സഹായകമാവുന്ന ഈ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്നോ ആപ്പിൾ ആപ് സ്റ്റോറിൽനിന്നോ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. പൗരന്മാരെ തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെടുത്താനും അവർക്കാവശ്യമായ വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുകയുമാണ് ആപ്പിലൂടെ കമ്മീഷൻ ലക്ഷ്യമിടുന്നതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു.

വോട്ടർ പട്ടികയിൽ പേര് തിരയുക, വ്യക്തിഗത വിവരങ്ങൾ തിരുത്തുക, വോട്ട് മറ്റൊരിടത്തേക്ക് മാറ്റുക, ഡിജിറ്റൽ ഫോട്ടോ വോട്ടർ സ്ലിപ്പുകൾ ഡൗൺലോഡ് ചെയ്യുക, വോട്ടർഐഡി ആധാറുമായി ബന്ധിപ്പിക്കൽ, വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കാൻ അപേക്ഷ നൽകൽ, പരാതികൾ സമർപ്പിക്കുക, അതിന്റെ സ്റ്റാറ്റസ് തിരയുക, തിരഞ്ഞെടുപ്പുഫലം അറിയൽ, തിരഞ്ഞെടുപ്പും ഇവിഎമ്മുമായി ബന്ധപ്പെട്ട വാർത്തകളും വിവരങ്ങളും അറിയുക എന്നിവയൊക്കെ ഈ മൊബൈൽ ആപ്പ് വഴി ചെയ്യാനാവും.

 വോട്ടറല്ലാത്തവർക്ക് ഫോണിൽവരുന്ന ഒ.ടി.പി ഉപയോഗിച്ച് ലോഗിൻ ചെയ്ത് രജിസ്ട്രേഷനും നടത്താം.  തുടർന്ന് വ്യക്തിഗത വിവരങ്ങൾ, ഫോൺ, ഇ-മെയിൽ ഐഡി, ജനനത്തീയതി, വിലാസം, പാസ്പോർട്ട് സൈസ് ഫോട്ടോ തുടങ്ങിയവ അപ്ലോഡ് ചെയ്ത് വോട്ടറായി രജിസ്റ്റർ ചെയ്യാനാവും.
Join WhatsApp Channel
Right-clicking is disabled on this website.